Showing posts with label 30 year back. Show all posts
Showing posts with label 30 year back. Show all posts

Saturday, April 13, 2013

14.April. 1983 പൊട്ടുന്ന പടക്കങ്ങൾ

14.April. 1983
 
ഇന്ന് വിഷു. കുറെ കൈനീട്ടം കിട്ടി. അച്ഛൻ എല്ലാവര്ക്കും അഞ്ച് രൂപവീതമാണ് തന്നത്. ബാക്കി എല്ലാവരും ഒരു രൂപ വീതം. അതിൽ വെല്ല്യമ്മചിക്ക് ഞാൻ 1 രൂപ മുറുക്കാൻ വാങ്ങാൻ കൊടുത്തു. പടക്കം കുറെ പൊട്ടിച്ചു . കമ്പിത്തിരിയും പൂകുറ്റിയുമൊക്കെ ആയി രാവിലെ 4 മണിക്കേ തുടങ്ങി. ജോർ ആയിരുന്നു. 
പൊട്ടുന്ന പടക്കങ്ങൾ കുറെ ഉണ്ടായിരുന്നു. കാന്താരിപടക്കം കൈയിൽ പിടിച്ച് മണ്ണെണ്ണ വിളക്കിന്റെ തീയിൽ തിരികാണിച്ച് മുകളിലെക്കേറിയുക യായിരുന്നു എന്റെ ഹോബി. എനിക്ക് ഓലപ്പടക്കം പൊട്ടിക്കാൻ പേടിയാണ് . പക്ഷെ, തമ്പിചെട്ടനു അത്ര പേടിയൊന്നുമില്ല . ആൾ പുതിയ ഒരു വിദ്യ ഇന്നലെ പഠിപ്പിചു. നീളമുള്ള ഒരു മുളയുടെ അറ്റം കീറി അതിനകത്ത് ഓലപ്പടക്കം തിരുകിവെക്കുക. ദൂരെ മാറിനിന്നു മണ്ണെണ്ണ വിളക്കിലേക്ക് തിരി കാണിക്കുക, മുളന്തണ്ട് കുറച്ചുയര്തിപ്പിടിക്കുക. പപ്ടെ പ്പടെ ശബ്ദത്തിൽ പൊട്ടിക്കുക. ഇങ്ങിനെ കുറെ ചെയ്തപ്പോ അലുമിനിയത്തിന്റെ മണ്ണെണ്ണ വിളക്ക് ക്ണീ എന്നുപറഞ്ഞു തെറിച്ചുപോയി . അമ്മ കാണാതിരിക്കാൻ അത് അടുക്കളയുടെ മൂലക്ക് കൊണ്ട് വെച്ചു .
രാവിലെ കണി കാണുന്നതിനായി കണ്ണടച്ചു കിടന്നതായിരുന്നു. താഴെയങ്ങാടിക്കാർ നേരത്തെ തുടങ്ങിയ പടക്കം പൊ ട്ടിക്കലിന്റെ ഒച്ച കേട്ട് അറിയാതെ കണ്ണുതുറന്നു പോ യി. മച്ചിലെ ഓടിലെ ബാസെൽ മിഷൻ എന്നെഴുതിയതാണ് ആദ്യം കണ്ട ത്. ഇക്കൊല്ലം ഭാവി എന്താവുമോ ആവോ?  
 
ഇന്ന് ഒരു കോഴിയെ തട്ടി. സേമിയ പായസവും വച്ചു. ഒരു കുന്ന് ഏലക്കായ പൊടിച്ചിട്ടിട്ട് ഭയങ്കര കുത്തായിരുന്നു. അമ്മ പായസണ്ടാക്ക്യാ അല്ലെങ്കിലും ഒരു എയിമാവില്ല. എനിക്കല്ലെങ്കിലും സ്കൂളിൽ ഉച്ചക്ക് കൃഷ്ണേട്ടന്റെ സൈകിളിൽ കൊണ്ടുവരുന്ന സേമിയ ഐസിലെ സേമിയ ഒഴിച്ച് വേറൊരു സേമിയയും ഇഷ്ടല്ല. ഈ വര്ഷത്തിലെ ആദ്യത്തെ ഇറച്ചിക്കറി ഏച്ചിയാണുന്ടാക്കിയത് ഉഗ്രൻ ടേസ്റ്റ് . അടുത്ത ഇറച്ചിക്കറിക്ക് ഇനി ആറു മാസമെങ്കിലും കാത്തിരിക്കണം.
 
ഉച്ചക്ക് ശേഷം അക്കരെ പോയി . ഉമേശന്റെയും സതീസന്റെയും വീടുകളില ചെന്ന് അവർ വാങ്ങിവെച്ചിരുന്ന പടക്കമെല്ലാം പൊട്ടിച്ചുതീർത്തു. അവിടെ വച്ച്കശുമാങ്ങ തിന്ന് വയറുവീർത്തു . 
 
അവിടെ വന്നിരുന്ന ബാബുഎട്ടൻ പറഞ്ഞാണ് അറിഞ്ഞത് അച്ഛൻ പഴയ ജീപ്പ് കൊടുത്ത് വേറൊരെണ്ണം വാങ്ങി എന്ന് . സെക്കന്റ്‌ ഹാൻഡ്‌ ആണ് . ഇപ്പൊ വർക്ക്‌ ഷോപ്പിൽ ആണത്രേ . അതിനു 2 ചെറിയ ഗീയർ കൂടുതലായി ഉണ്ട് പോലും. നാലുവീലും ഒരുമിച്ചു കറങ്ങുമത്രേ. എനിക്കൊന്നും മനസ്സിലായില്ല. എല്ലാ വണ്ടികളുടെയും നാലു വീലും കറങ്ങില്ലേ?
കിടന്നത്: 9 മണിക്ക്
എണീറ്റത്: 4 മണിക്ക്.
വരവ്: കൈനീട്ടം : 16 രൂപ , പാലുവാങ്ങാൻ പോയതിന്റെ ബാക്കി 1. 20 രൂപ
ചെലവ് : പടക്കം മേടിച്ചതിന്റെ ഷെയർ 7 രൂപ .മുറുക്കാൻ 1 രൂപ.

Friday, April 12, 2013

22.February. 1983 പണ്ടിക്കടവിൽ പാലം വരുന്നത്രേ

22.February. 1983
 
ഇന്ന് നെല്ലുകുത്താൻ തമ്പിച്ചേട്ടന്റെ കൂടെ അക്കരെ പോയി.നീ അഞ്ചാം ക്ലാസ്സിലായെന്നും വലുതായെന്നും പറഞ്ഞ് അരച്ചാക്ക് നിറയേ നെല്ല് തലയിൽ വച്ചുതന്നു തമ്പിച്ചേട്ടൻ. ദുഷ്ടൻ. ആദ്യം അഭിമാനമൊക്കെ തോന്നിയെങ്കിലും വയലുകഴിഞ്ഞപ്പോഴേ കഴുത്ത് വേദനിച്ചു തുടങ്ങി.റംലയുടെ വീടിനടുത്തെത്തിയപ്പൊ തല താഴ്തി നടന്നു.ഈയവസ്ഥയിൽ കണ്ടാൽ സ്കൂളിലാകെ പറഞ്ഞുനടക്കും. 5 ഏയിലെ അരുണയോട് ഞാൻ വലുതാവുമ്പൊ കെട്ടികൊള്ളാമെന്നു പറഞ്ഞത് ഒ...ളിച്ച് നിന്ന് കേട്ട് അത് പാട്ടാക്കിയ ആൾ ആണു. പ്രകാശേട്ടൻ മില്ലിൽ തന്നെ ഉണ്ടായിരുന്നു. പണ്ടിക്കടവിൽ പാലം വരുന്നത്രേ.
കൂലി 3 രൂപ 60 പൈസ ആയി. തവിട് എടുത്തില്ല. കുറെ മാപ്ലചികുട്ടികൾ തവിട് വാരുന്നത് നോക്കിനിന്നു. പുഴയിൽ മുട്ടുവരെ മാത്രമേ വെള്ളമുള്ളൂ. ബാലൻസ് ചെയ്തു നടക്കുമ്പോൾ ഒരു കൈകൊണ്ട് അരിയെടുത്ത് മീനുകൾക്ക് എറിഞ്ഞുകൊടുത്തു.ചിലപ്പൊ അവ നമ്മുടെ കാലിലുംകൊത്തും. ആ ഇക്കിളിക്ക് നല്ല സുഖമുണ്ട്.തമ്പിച്ചേട്ടന്റെ വക പുറത്തൊരെണ്ണം കിട്ടിയപ്പൊ സുഖമൊക്കെ കളഞ്ഞ് വലിഞ്ഞുനടന്നു.

 രഘുമാമന്റെ വീട്ടിൽ കയറി. മ്അമൻ ഉണ്ട്. അമ്മായി ചായയുംഅപ്പവും തന്നു.അരിച്ചാക്ക് അവിടെ വെച്ച് കുറച്ച് വിശ്രമം.ഗീതക്ക് 3 വയസ്സായി. കുറചുനേരം അവളുടെകളികൾ നോക്കിയിരുന്നു. വലുതാവുമ്പോൾ കെട്ടിച്ചുതരാമെന്ന വാക്ക് മാമൻ മാറുമൊ ആവോ. 50 പൈസ തന്നിട്ട് നിനക്കിഷ്ട്പ്പെട്ട മണികടല വാങ്ങിവരാൻ പറഞ്ഞതും ഞാനോടി.പൊട്ടന്റെ കടയിൽ ഈ സാധ്നം ഉണ്ടായിട്ടും റേഷൻ കടക്കടുത്ത യൂസഫ്ക്കാന്റെ കടയിൽ പോയി വാങ്ങാൻ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത് വീട്ടിലെത്തി അമ്മ ചാക്ക് തുറന്നപ്പോഴായിരുന്നു. പകുതിയും മാമൻ ഇസ്കി. രഹു എന്റെ അനിയനാ, കള്ളന്റെ കഞ്ഞിവപ്പല്ലെ അവന്റെ പണി,50 പൈസക്ക് 5രൂപയുടെ അരി പോയല്ലൊഎന്നൊക്കെ പറഞ്ഞ് അമ്മ രണ്ടടിയും തന്നു.

 ഇന്നു ഹോസ്റ്റൽ വരെ കരണ്ട് എത്തി. രണ്ട് പോസ്റ്റിറ്റെ പൈസ കൊടുത്താൽ വേഗം നമ്മുടെ വീട്ടിലും എത്തുമത്രെ. അഛൻ എങ്ങിനെയെങ്കിലും അത് കൊണ്ട്വരുമാരിക്കും.

കളിക്കാനൊന്നും പോയില്ല.
എണീറ്റത് 7 മണി
കിടന്നത് 9മണീ

ചിലവ് : നഹി
വരവ്:നെല്ലുകുത്തിയ വക ഇസ്കിയത്: 40പൈസ

Wednesday, April 10, 2013

1993 April 11


ഇന്ന് രമണിക്കുഞ്ഞമ്മയുടെ പെരപ്പാര്‍ക്കലായിരുന്നു. ചിക്കന്‍ ബിരിയാണിയായിരുന്നു. പ്രതീക്ഷിച്ച പോലെ ഇന്നും കോഴിയുടെ കഴുത്ത് പീസ് തന്നെയാണ് എനിക്ക് കിട്ടിയത്. എനിക്ക് ഇത്രക്കും ദേഷ്യമുള്ള കോഴിയുടെ ശരീരഭാഗം വേറെ ഇല്ല. എനിക്കറിയില്ല. എവിടെ സദ്യക്ക് പോയാലും കൊഴിയുണ്ടോ? കഴുത്ത് പീസ് ഒരെണ്ണം എനിക്ക് കിട്ടിയിരിക്കും. രണ്ട് കടി കടിച്ച് സൈഡില്‍ വച്ചു.
അവിടെ വച്ച് (കൊച്ചു) ഒട്ടൊ കുറേ ഓടിച്ചു. നാലുതവണ ഓഫായെന്നതൊഴിച്ചാല്‍ പ്രകടനം മോശമായില്ല.!
അവിടെ വന്നിരുന്ന ബാബുഎട്ടന്റെ ലൈനിനെ പരിചയപ്പെട്ടു. ഷീജ എന്ന് പേര്‍. ചെറുപ്പതിൽ നമ്മുടെ കൂടെ ശബരിമലക്ക് വന്ന ആൾ തന്നെ. അന്ന കഴയുണ്ട് പല്ലിന്. പൊന്തിവരാനും ചാന്‍സുണ്ട്. പക്ഷെ, വിഷയമല്ല.
രണ്ട് മൂന്ന് കൊല്ലം മുന്‍പ് ഞാന്‍ കാണുമ്പോള്‍ അടിയുടുപ്പിട്ട് നടന്നാര്‍ന്ന കൊച്ചാ. ഇപ്പോ എന്താ സൈസ്.
എന്താന്നറിയില്ല. കല്യാണം കഴിയാത്തെ ഏത് ജാതിയില്‍ പെട്ട ഏത് കോലത്തിലുള്ള പെണ്ണിനെ കണ്ടാലും പ്രേമിക്കാന്‍ നമ്മള്‍ ഓക്കെയാവുന്നു. ഇങ്ങട്ട് അത്രപെട്ടെന്നങ്ങിനെ ആര്‍ക്കും പ്രേമം തോന്നണ കോലമല്ലാത്തത് ഒരു കണക്കിന് എത്ര ഭാഗ്യമായി. അല്ലെങ്കില്‍ ഈ സ്വഭാവത്തിന് ഞാന്‍ എവിടെ ചെന്നവസാനിച്ചേനെ?
ഞാന്‍ മമ്മുട്ടിയെപ്പോലെയാവാഞ്ഞതില്‍ ദൈവത്തോട് എത്ര നന്ദി പറഞ്ഞാലാ മതിയാവുക!
ഭരതന്റെ വെങ്കലം സിനിമ കണ്ടു. ജോർ . ലക്ഷ്മീടാക്കീസിൽ മൂട്ടകൾക്ക് നല്ലകാലം. 
 
കിടന്നത്: 1 മണിക്ക്
എണീറ്റത്: 7 മണിക്ക്.