Saturday, April 13, 2013

14.April. 1983 പൊട്ടുന്ന പടക്കങ്ങൾ

14.April. 1983
 
ഇന്ന് വിഷു. കുറെ കൈനീട്ടം കിട്ടി. അച്ഛൻ എല്ലാവര്ക്കും അഞ്ച് രൂപവീതമാണ് തന്നത്. ബാക്കി എല്ലാവരും ഒരു രൂപ വീതം. അതിൽ വെല്ല്യമ്മചിക്ക് ഞാൻ 1 രൂപ മുറുക്കാൻ വാങ്ങാൻ കൊടുത്തു. പടക്കം കുറെ പൊട്ടിച്ചു . കമ്പിത്തിരിയും പൂകുറ്റിയുമൊക്കെ ആയി രാവിലെ 4 മണിക്കേ തുടങ്ങി. ജോർ ആയിരുന്നു. 
പൊട്ടുന്ന പടക്കങ്ങൾ കുറെ ഉണ്ടായിരുന്നു. കാന്താരിപടക്കം കൈയിൽ പിടിച്ച് മണ്ണെണ്ണ വിളക്കിന്റെ തീയിൽ തിരികാണിച്ച് മുകളിലെക്കേറിയുക യായിരുന്നു എന്റെ ഹോബി. എനിക്ക് ഓലപ്പടക്കം പൊട്ടിക്കാൻ പേടിയാണ് . പക്ഷെ, തമ്പിചെട്ടനു അത്ര പേടിയൊന്നുമില്ല . ആൾ പുതിയ ഒരു വിദ്യ ഇന്നലെ പഠിപ്പിചു. നീളമുള്ള ഒരു മുളയുടെ അറ്റം കീറി അതിനകത്ത് ഓലപ്പടക്കം തിരുകിവെക്കുക. ദൂരെ മാറിനിന്നു മണ്ണെണ്ണ വിളക്കിലേക്ക് തിരി കാണിക്കുക, മുളന്തണ്ട് കുറച്ചുയര്തിപ്പിടിക്കുക. പപ്ടെ പ്പടെ ശബ്ദത്തിൽ പൊട്ടിക്കുക. ഇങ്ങിനെ കുറെ ചെയ്തപ്പോ അലുമിനിയത്തിന്റെ മണ്ണെണ്ണ വിളക്ക് ക്ണീ എന്നുപറഞ്ഞു തെറിച്ചുപോയി . അമ്മ കാണാതിരിക്കാൻ അത് അടുക്കളയുടെ മൂലക്ക് കൊണ്ട് വെച്ചു .
രാവിലെ കണി കാണുന്നതിനായി കണ്ണടച്ചു കിടന്നതായിരുന്നു. താഴെയങ്ങാടിക്കാർ നേരത്തെ തുടങ്ങിയ പടക്കം പൊ ട്ടിക്കലിന്റെ ഒച്ച കേട്ട് അറിയാതെ കണ്ണുതുറന്നു പോ യി. മച്ചിലെ ഓടിലെ ബാസെൽ മിഷൻ എന്നെഴുതിയതാണ് ആദ്യം കണ്ട ത്. ഇക്കൊല്ലം ഭാവി എന്താവുമോ ആവോ?  
 
ഇന്ന് ഒരു കോഴിയെ തട്ടി. സേമിയ പായസവും വച്ചു. ഒരു കുന്ന് ഏലക്കായ പൊടിച്ചിട്ടിട്ട് ഭയങ്കര കുത്തായിരുന്നു. അമ്മ പായസണ്ടാക്ക്യാ അല്ലെങ്കിലും ഒരു എയിമാവില്ല. എനിക്കല്ലെങ്കിലും സ്കൂളിൽ ഉച്ചക്ക് കൃഷ്ണേട്ടന്റെ സൈകിളിൽ കൊണ്ടുവരുന്ന സേമിയ ഐസിലെ സേമിയ ഒഴിച്ച് വേറൊരു സേമിയയും ഇഷ്ടല്ല. ഈ വര്ഷത്തിലെ ആദ്യത്തെ ഇറച്ചിക്കറി ഏച്ചിയാണുന്ടാക്കിയത് ഉഗ്രൻ ടേസ്റ്റ് . അടുത്ത ഇറച്ചിക്കറിക്ക് ഇനി ആറു മാസമെങ്കിലും കാത്തിരിക്കണം.
 
ഉച്ചക്ക് ശേഷം അക്കരെ പോയി . ഉമേശന്റെയും സതീസന്റെയും വീടുകളില ചെന്ന് അവർ വാങ്ങിവെച്ചിരുന്ന പടക്കമെല്ലാം പൊട്ടിച്ചുതീർത്തു. അവിടെ വച്ച്കശുമാങ്ങ തിന്ന് വയറുവീർത്തു . 
 
അവിടെ വന്നിരുന്ന ബാബുഎട്ടൻ പറഞ്ഞാണ് അറിഞ്ഞത് അച്ഛൻ പഴയ ജീപ്പ് കൊടുത്ത് വേറൊരെണ്ണം വാങ്ങി എന്ന് . സെക്കന്റ്‌ ഹാൻഡ്‌ ആണ് . ഇപ്പൊ വർക്ക്‌ ഷോപ്പിൽ ആണത്രേ . അതിനു 2 ചെറിയ ഗീയർ കൂടുതലായി ഉണ്ട് പോലും. നാലുവീലും ഒരുമിച്ചു കറങ്ങുമത്രേ. എനിക്കൊന്നും മനസ്സിലായില്ല. എല്ലാ വണ്ടികളുടെയും നാലു വീലും കറങ്ങില്ലേ?
കിടന്നത്: 9 മണിക്ക്
എണീറ്റത്: 4 മണിക്ക്.
വരവ്: കൈനീട്ടം : 16 രൂപ , പാലുവാങ്ങാൻ പോയതിന്റെ ബാക്കി 1. 20 രൂപ
ചെലവ് : പടക്കം മേടിച്ചതിന്റെ ഷെയർ 7 രൂപ .മുറുക്കാൻ 1 രൂപ.

No comments:

Post a Comment