Friday, April 12, 2013

22.February. 1983 പണ്ടിക്കടവിൽ പാലം വരുന്നത്രേ

22.February. 1983
 
ഇന്ന് നെല്ലുകുത്താൻ തമ്പിച്ചേട്ടന്റെ കൂടെ അക്കരെ പോയി.നീ അഞ്ചാം ക്ലാസ്സിലായെന്നും വലുതായെന്നും പറഞ്ഞ് അരച്ചാക്ക് നിറയേ നെല്ല് തലയിൽ വച്ചുതന്നു തമ്പിച്ചേട്ടൻ. ദുഷ്ടൻ. ആദ്യം അഭിമാനമൊക്കെ തോന്നിയെങ്കിലും വയലുകഴിഞ്ഞപ്പോഴേ കഴുത്ത് വേദനിച്ചു തുടങ്ങി.റംലയുടെ വീടിനടുത്തെത്തിയപ്പൊ തല താഴ്തി നടന്നു.ഈയവസ്ഥയിൽ കണ്ടാൽ സ്കൂളിലാകെ പറഞ്ഞുനടക്കും. 5 ഏയിലെ അരുണയോട് ഞാൻ വലുതാവുമ്പൊ കെട്ടികൊള്ളാമെന്നു പറഞ്ഞത് ഒ...ളിച്ച് നിന്ന് കേട്ട് അത് പാട്ടാക്കിയ ആൾ ആണു. പ്രകാശേട്ടൻ മില്ലിൽ തന്നെ ഉണ്ടായിരുന്നു. പണ്ടിക്കടവിൽ പാലം വരുന്നത്രേ.
കൂലി 3 രൂപ 60 പൈസ ആയി. തവിട് എടുത്തില്ല. കുറെ മാപ്ലചികുട്ടികൾ തവിട് വാരുന്നത് നോക്കിനിന്നു. പുഴയിൽ മുട്ടുവരെ മാത്രമേ വെള്ളമുള്ളൂ. ബാലൻസ് ചെയ്തു നടക്കുമ്പോൾ ഒരു കൈകൊണ്ട് അരിയെടുത്ത് മീനുകൾക്ക് എറിഞ്ഞുകൊടുത്തു.ചിലപ്പൊ അവ നമ്മുടെ കാലിലുംകൊത്തും. ആ ഇക്കിളിക്ക് നല്ല സുഖമുണ്ട്.തമ്പിച്ചേട്ടന്റെ വക പുറത്തൊരെണ്ണം കിട്ടിയപ്പൊ സുഖമൊക്കെ കളഞ്ഞ് വലിഞ്ഞുനടന്നു.

 രഘുമാമന്റെ വീട്ടിൽ കയറി. മ്അമൻ ഉണ്ട്. അമ്മായി ചായയുംഅപ്പവും തന്നു.അരിച്ചാക്ക് അവിടെ വെച്ച് കുറച്ച് വിശ്രമം.ഗീതക്ക് 3 വയസ്സായി. കുറചുനേരം അവളുടെകളികൾ നോക്കിയിരുന്നു. വലുതാവുമ്പോൾ കെട്ടിച്ചുതരാമെന്ന വാക്ക് മാമൻ മാറുമൊ ആവോ. 50 പൈസ തന്നിട്ട് നിനക്കിഷ്ട്പ്പെട്ട മണികടല വാങ്ങിവരാൻ പറഞ്ഞതും ഞാനോടി.പൊട്ടന്റെ കടയിൽ ഈ സാധ്നം ഉണ്ടായിട്ടും റേഷൻ കടക്കടുത്ത യൂസഫ്ക്കാന്റെ കടയിൽ പോയി വാങ്ങാൻ പറഞ്ഞതിന്റെ ഗുട്ടൻസ് എനിക്ക് പിടികിട്ടിയത് വീട്ടിലെത്തി അമ്മ ചാക്ക് തുറന്നപ്പോഴായിരുന്നു. പകുതിയും മാമൻ ഇസ്കി. രഹു എന്റെ അനിയനാ, കള്ളന്റെ കഞ്ഞിവപ്പല്ലെ അവന്റെ പണി,50 പൈസക്ക് 5രൂപയുടെ അരി പോയല്ലൊഎന്നൊക്കെ പറഞ്ഞ് അമ്മ രണ്ടടിയും തന്നു.

 ഇന്നു ഹോസ്റ്റൽ വരെ കരണ്ട് എത്തി. രണ്ട് പോസ്റ്റിറ്റെ പൈസ കൊടുത്താൽ വേഗം നമ്മുടെ വീട്ടിലും എത്തുമത്രെ. അഛൻ എങ്ങിനെയെങ്കിലും അത് കൊണ്ട്വരുമാരിക്കും.

കളിക്കാനൊന്നും പോയില്ല.
എണീറ്റത് 7 മണി
കിടന്നത് 9മണീ

ചിലവ് : നഹി
വരവ്:നെല്ലുകുത്തിയ വക ഇസ്കിയത്: 40പൈസ

No comments:

Post a Comment